Sunday, April 06, 2008

വിവിയുടെ ദാസ് ക്യാപിറ്റല്‍

വിവി എന്ന ചെന്നൈബൂലോഗത്തിന്റെ സ്വന്തം വി‌എം ദേവദാസിന്റെ കഥയുമായാണ് കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇറങ്ങിയത്. ആഴത്തിലുള്ള ചിന്തയും തെളിഞ്ഞ ഭാഷയും വിവിയുടെ കഥകളുടെ പ്രത്യേകതയാണ്. ചില വിശേഷണങ്ങളും വാക്യഘടനയും നമ്മെ തീര്‍ത്തും അല്‍ഭുതപ്പെടുത്തും.

ദാസ് ക്യാപ്പിറ്റല്‍ എന്ന കഥ മൂന്ന് ഭാഗങ്ങളിലൂടെയാണ് പറയുന്നത്. ഒന്നാമത്തേതില്‍ ഒട്ടകക്കൂനുള്ള പുസ്തക വില്‍പ്പനക്കാരനും രണ്ടാം ഭാഗത്തില്‍ അവശനായി വീഴുന്ന അയാളുടെ പുസ്തക സഞ്ചിയില്‍ നിന്നും തെറിച്ചു വീഴുന്ന മൂലധനത്തിന്റെ പുറം ചട്ടയില്‍ നിന്നും ഇറങ്ങിവരുന്ന കാള്‍ മാര്‍ക്സും മൂന്നാം ഭാഗത്തില്‍, കാണാതായ ദാസനും നമ്മുടെ ചിന്തകളിലേക്ക് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കടന്നുവരുന്നു.

പ്രിയ ദേവന് ആശംസകള്‍...

കഥയില്‍ നിന്ന്...

(1) ഒട്ടകക്കൂനുള്ള പുസ്തകവില്‍പ്പനക്കാരന്‍
ഉച്ചയൂണിനു ശേഷം മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ്‌റൂമിലിരുന്നുള്ള പതിവ് മയക്കത്തില്‍ തികട്ടിവരുന്നോരേമ്പക്കത്തെ ഒരു വയറ്റാട്ടിയുടെ ചാരുതയാല്‍ ഉഴിഞ്ഞ് മുകളിലോട്ട് വിടുമ്പോള്‍ എനിക്ക് തോന്നി.

കുടവയര്‍ ഒരു ബാധ്യതയാണ്. കടന്നാക്രമിക്കുന്ന ഉറക്കത്തെ ചെറുക്കാനായി മെന്തോളിന്റെ എരിവു കലര്‍ന്ന അമൃതാഞ്ജന്‍, മുടിയില്ലാത്തതിനാല്‍ നെറ്റിയേത് തലയോടേതെന്നൊരു വേര്‍തിരിവ് വേണ്ടാത്ത പ്രദേശത്ത് അമര്‍ത്തിപ്പുരട്ടുമ്പോഴും അസ്വസ്ഥമാം വിധം സ്പന്ദിക്കുന്ന എന്റെ കുടവയറിനെ കുറിച്ചാണ് ചിന്തിച്ചത്.
“രാജന്‍മാഷെ, വയര്‍ വല്ലാതെ കൂടുന്നല്ലോ!”എന്ന് കുശലം ചോദിക്കുന്നവരോട് നീണ്ട മൂക്ക്, കഷണ്ടി, കുടവയര്‍, മുതുകത്ത് രോമം, വെടിക്കല എന്നിവ പുരുഷ ലക്ഷണങ്ങള്‍ ആണെന്ന് ആവര്‍ത്തിച്ചു തര്‍ക്കിച്ച് പറയുമ്പോഴും കുടവയറിന് കൂടെനില്‍ക്കുന്നവരുടെ സ്ഥായിയായ ഉറപ്പ് സംസാരത്തില്‍ പോലും ഈയിടെ കിട്ടുന്നില്ല. കൂട്ടത്തില്‍ പുറം‌പറ്റിയതായി അതങ്ങനെ മാറിനില്‍ക്കുന്നതിന്റെ കെറുവാകണം പലപ്പോഴായി പലരും ചോദിക്കാറുള്ള ചോദ്യത്തിന്“എട്ടുമാസമായി, അട്ത്തന്നെ ഉണ്ടാവും. ആണ്‍കുട്ട്യാവണേ ദേവ്യേ...” എന്ന് ചിരിച്ച് മറുപടി നല്‍കാറുള്ളതിന് പകരം ക്യാന്റീനിലെ ഉച്ചയൂണു വിളമ്പുകാരനോട് ആണ്‍കുട്ട്യല്ല; ആനക്കുട്ട്യാണ്. തുമ്പിക്കൈ മാത്രം ഇറങ്ങി പുറത്തുവന്നിട്ടുണ്ട്. എന്താ കാണണോ?” എന്ന് അശ്ലീലം കലര്‍ത്തിപ്പറഞ്ഞ് നാവടപ്പിച്ചത്. മധ്യവേനലിന്റെ തീവ്രത തീര്‍ത്ത വിയര്‍പ്പുതുള്ളികള്‍ നെറ്റിയില്‍ ഉരുണ്ടുകൂടി അമൃതാഞ്ജന്റെ മഞ്ഞകലര്‍ന്ന് കണ്ണ് നനയിച്ചു. ഉറക്കം മുറിച്ച് മിഴിച്ചുതുറന്ന ആ കാഴ്ചയിലാണ് ഉയരം കൂടി എന്നാല്‍ അല്പം കൂനോടെ ആ അപരിചിതനെ സ്വപ്ന ടീച്ചറോടും ആന്‍ഡ്രൂസ് മാഷിനോടും സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയില്‍ കണ്ടത്. തന്റെ കറുത്ത ബാഗില്‍ നിന്ന് പുസ്തകങ്ങള്‍ ഓരോന്നായെടുത്ത് ചെറുവിവരണത്താലും കൈക്കുഴകൊണ്ടൊരു ചുരികത്തിരിപ്പിനാല്‍ മുന്നും പിന്നും കാണിച്ചും വിവരിച്ച് അവര്‍ക്ക് മുന്നില്‍ വെക്കുമ്പോള്‍ തിളങ്ങുന്ന ചട്ടയുള്ള പുസ്തകങ്ങളില്‍ തട്ടി തന്റെ മുഖത്ത് പ്രതിഫലിച്ച സൂര്യപ്രകാശത്തിന്റെ പുളിപ്പിലാണോ മറിച്ച് മഞ്ഞയും മെന്തോളും കലര്‍ന്ന അമൃതാഞ്ജന്‍ വിയര്‍പ്പിന്റെ എരിവിലാണോ ഉണര്‍ന്നതെന്ന് കുഴങ്ങിയിരിക്കുകയായിരുന്നു ഞാന്‍. ഉറക്കപ്പിച്ചില്‍ അവര്‍ക്കിടയിലൊരു നാലാമനായി പെട്ടെന്ന് ഇടിച്ചു കയറുന്നതിന്റെ ജാള്യതയൊഴിവാക്കാനായി അവരുടെ സംഭാഷണത്തില്‍ തനിക്കുകൂടെ കയറിച്ചെന്ന് പങ്കെടുക്കാവുന്ന ഒരു സ്പേസ് പരതിക്കൊണ്ട് കാത്തിരുന്നു.

സ്റ്റഡിമെറ്റീരിയലുകളായ പുസ്തകങ്ങളെയൊക്കെ അവഗണിച്ചതിന് ശേഷം
“വേറെ വല്ലതുമുണ്ടോ?” എന്ന ആന്‍ഡ്രൂസ് മാഷുടെ ചോദ്യത്തോടെയാണ് അയാള്‍ ശാസ്ത്രേതര പുസ്തകള്‍ പുറത്തെടുക്കാന്‍ തുടങ്ങിയത്. എം‌ടിയുടെ നോവലുകളും പത്മനാഭന്റെ കഥകളും ...............................................................................

Wednesday, October 24, 2007

ഗുണ്ടൂസനു പ്രൊമോഷന്‍

ബ്ലോഗേര്‍സ്,

മലയാളം ബ്ലോഗുകളില്‍, ഒരു ഗുണ്ടൂസ് വന്നുപോയത് നിങ്ങള്‍ ആരും മറന്നു കാണില്ല എന്നു കരുതുന്നു. ഗുണ്ടൂസിനെ കുറിച്ച് ഒരു ശുഭ വാര്‍ത്ത അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. ഗുണ്ടൂസിന്‍ ഒരു പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു.

ഗുണ്ടൂസ് ഒരമ്മയായിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. തൃക്കേട്ട നക്ഷത്രത്തില്‍ ഒരു ആണ്‍കുഞ്ഞാണ്‍് ജനിച്ചത്.

“കേട്ട കേട്ടു വാങ്ങും”. അവന്‍ ഒരു കിടുവായ് മാറട്ടെ.

ചേച്ചിക്കു വേണ്ടി,
പൊന്നമ്പലം.

Monday, July 09, 2007

ചെന്നൈയും എഫ് എമ്മും

ചെന്നൈ എന്ന് കേട്ടാല്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്ന് ചോദിച്ചാല്‍ ‍90% ആള്‍ക്കാരും പറയുന്നത്- ഇഡ്ഡലി-ചട്നി-സാമ്പാര്‍-വട കോമ്പിനേഷനെ പറ്റിയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇനി വരുന്ന ദിവസങ്ങളില്‍ അത് മാറും എന്നതിന് യാതൊരു വിധ സംശയവും വേണ്ട.

ചെന്നൈയില്‍, മൈലാപ്പൂരില്‍ നിന്നും ടി.നഗര്‍ വരെ പോണം. ഏറ്റവും എളുപ്പമുള്ള വഴി- ലസ്സ്-ആള്‍വാര്‍പേട്ട-തേനാമ്പേട്ട-പോണ്ഡി ബസാര്‍-ടി.നഗര്‍ റൂട്ടില്‍ ഓടുന്ന ഷെയര്‍ ഓട്ടോകളെ ആശ്രയിക്കുക എന്നതാണ്. എല്ലാ ഓട്ടോയിലും പണ്ട് വിശാലന്‍ ചേട്ടന്‍റെ ആന്‍റപ്പന്റെ ഓട്ടോ മാതിരിയുള്ള, തട്ട്പൊളിപ്പന്‍ ഓട്ടോകള്‍. പക്ഷേ ഉള്ളില്‍ സ്റ്റീരിയോ ഒന്നും ഇല്ല. ഉള്ളത് ഒരു റേഡിയോ ആണ്. ഫുള്‍ റ്റൈം അതിങ്ങനെ പാടിക്കൊണ്ടിരിക്കും. ഭീം സെന്‍ ജോഷി, എം.എസ് സുബ്ബുലക്ഷ്മി, അനൂപ് ജലോട്ടാ തുടങ്ങിയവരുടെ ഹെവി വെയ്റ്റ് സാമാനങ്ങള്‍ ഇറക്കുന്ന ആകാശവാണി അല്ല... എഫ്.എം റേഡിയോ. ചെന്നൈയില്‍ എഫ്.എം വിപ്ലവം കൊണ്ട് വന്നത് സണ്‍ റ്റിവിക്കാരാണെന്ന് തന്നെ പറയാം. ഇന്ന് ഏത് ഹോട്ടലില്‍ കയറിയാലും, ഷയര്‍ ഓട്ടോ, സൈക്കിള്‍ റിക്ഷ, ടാക്സി എന്നിവ എല്ലാം എഫ്.എം റേഡിയോയുടെ താളത്തിനൊത്ത് ഓടുന്നു! സൂര്യന്‍ എഫ്.എം, റേഡിയോ മിര്‍ച്ചി, ഹെലോ എഫ്.എം, റേഡിയോ സിറ്റി തുടങ്ങി ഏകദേശം ഒന്‍പതോളം എഫ്.എം പ്രൊവൈഡേര്‍സ് ചെന്നൈയില്‍ ഉണ്ട്. ഓരോ റേഡിയോ സ്റ്റേഷനുകള്‍ക്കും അവരുടേതായ പ്രത്യേകതകള്‍ ഉണ്ട്.

സൂര്യന്‍ എഫ് എം, സണ്‍ നെറ്റ്‌വര്‍ക്കിന്റെ താണ്. അവരുടെ റ്റാഗ് ലൈന്‍ - “കേളുങ്ക, കേളുങ്ക, കേട്ടുക്കിട്ടേ ഇരുങ്ക” എന്നാണ്. അത് പോലെ തന്നെ:

റേഡിയോ മിര്‍ച്ചി - “സെമ്മാ ഹോട്ട് മച്ചീ...”
റേഡിയോ വണ്‍ - “നോണ്‍ സ്റ്റോപ് ഹിറ്റ്സ്, നോണ്‍ സ്റ്റോപ് മജാ”
ഹലോ എഫ് എം - “ഇത് താന്‍ റൈറ്റ് നമ്പര്‍”
റേഡിയോ സിറ്റി - “നമ്മ സിറ്റി നമ്മ ലൈഫ്”
ബിഗ് എഫ് എം - കേള്‍ക്കലാം പേസലാം ലൈഫ് കൊണ്ടാടലാം”

എന്നിങ്ങനെ രസകരമായ റ്റാഗ്‌ലൈനുകളോട് കൂടി ആ പട്ടിക നീളുന്നു. ഇതില്‍ എല്ലാം 24 മണിക്കൂറും പരിപാടികള്‍ ഉണ്ട്. 24 മണിക്കൂറും യൂസര്‍ ഇന്ററാക്ഷനും ഉണ്ട്.

മുഖ്യമായും, കമ്പനി ക്യാബ് ഡ്രൈവേഴ്സ്, റ്റാക്സി ഡ്രൈവേഴ്സ്, ഓട്ടോ, ചായക്കട എന്നിവിടങ്ങളില്‍ മാത്രമാണ് ശ്രോതാക്കള്‍ ഉള്ളത് എന്ന് കരുതിയാല്‍ തെറ്റി. മൊബൈല്ഇല്‍ എഫ് എം ഉള്ള എല്ലാരും ആ സുന കാതില്‍ ഘടിപ്പിച്ചായിരിക്കും നില്‍ക്കുന്നത് (ഞാനും). ഇനി മൊബൈല്‍ ഇല്ലാത്തവര്‍ക്കായി, 30 രൂപ മുതല്‍ 140 രൂപ വരെ വിലകളില്‍ എഫ് എം റേഡിയോകള്‍ കിട്ടും (പാര്‍ക്ക് റെയില്‍‌വേസ്റ്റേഷന്‍, രംഗനാഥന്‍ തെരുവ്, പോണ്ഢി ബസാര്‍). ചുരുക്കം പറഞ്ഞാല്‍ ഇന്ന് റേഡിയോ ഇല്ലാതെ ചെന്നൈ വാസികള്‍ക്ക് മറ്റൊരു ഫുള്‍ റ്റൈം മനോരഞ്ജന്‍ നഹി നഹി.

Sunday, May 13, 2007

ചെന്നൈ ബൂലോക മീറ്റ് v2.01

ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ചെന്നൈ ബൂലോഗ സംഗമം ഇന്ന് ചെന്നൈ അണ്ണാനഗറിലെ ശ്രീ. വിശ്വേശ്വരയ്യാ ടവര്‍ പാര്‍ക്കില്‍ വച്ച് നടന്നിരുന്നു. ബൂലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീമാന്‍ ദില്‍ബാജിയെ ആദരിക്കുക എന്നതായിരുന്നു മീറ്റിന്റെ അത്യന്തം കാതലായ ഉദ്ദേശ്ശ്യം. അതിന്റെ വിശദ വിവരങ്ങളിലേക്ക്.

രണ്ടായിരത്തിയേഴാമാണ്ട് മേയ് മാസം പന്ത്രണ്ടാം തിയ്യതി. ചെന്നൈമാനഗരത്തില്‍ ‘അഗ്നി നക്ഷ്ത്രം’ എന്ന അത്ഭുത പ്രതിഭാസം തുടങ്ങി ഒരാഴ്ചയായ സമയം. അതായത് അന്തരീക്ഷ താപനില 40 ഡിഗ്രീക്ക് താഴെ വരില്ല. ഇപ്പറഞ്ഞ പ്രതിഭാസഹേതുനാ, തണ്ടൊടിഞ്ഞ താമരേടെകൂട്ട് പൊന്നമ്പലം തണികാചലം റോഡ്, അമോഗാ സുപ്രഭാതം ആറാം നമ്പര്‍ ഫ്ലാറ്റില്‍ ഒരു സന്ധ്യമയക്കത്തില്‍ കിടക്കുന്നു(ഉച്ച മയക്കത്തിന്റെ എക്സ്റ്റന്‍ഷന്‍[കഴിഞ്ഞ ദിവസം രാത്രി കിടന്നത് അടുത്ത ദിവസം രാവിലെയായതിന്റെ ഓരോ പ്രശ്നങ്ങള്‍! കണ്‍ഫ്യൂഷനായല്ലെ?]) ഉറക്കത്തിന്റെ അഗാധ തലങ്ങളില്‍ മണ്ണ്‌മാന്തിക്കപ്പലോടിച്ചു കളിച്ചുകിടന്ന പൊന്നമ്പലത്തിന്റെ സോണി എറിക്സണ്‍ കെ 750 ഐ -ലെ കിളി ചിലച്ചു(യെന്തര് പ്വാസ്സ്‌ള്...പങ്കം തന്ന...). വിളിച്ചതാരെന്നോ, എന്തിനെന്നൊ ഒന്നും അറിയില്ല... ഫോണെടുത്ത് ഏതാണ്ട് പറഞ്ഞ് കട്ട് ചെയ്തു. പിന്നെ മയക്കത്തില്‍ നിന്നുണര്‍ന്ന് ഫോണില്‍ നോക്കിയപ്പൊ മനസ്സിലായി ശ്രീ. ലോന/വിവി/ദാസേട്ടന്‍ വിളിച്ചിരുന്നു എന്ന്. തിരിച്ചു വിളിച്ചു. അപ്പോളാണ് സംഗതിയറിയുന്നത്. ഡില്‍ബര്‍ട്ട് മെന്റല്‍ ഡിസൂസ എത്തിയെന്ന്‌! മ്മ്‌ടെ ദില്‍ബന്‍ തന്നെ! അടുത്ത ദിവസം മീറ്റ് ഉണ്ടെന്ന് പറഞ്ഞു. സമയം രാത്രി പത്തരയായെന്നൊന്നും നോക്കീല, അടുത്ത കാള്‍ നേരെ ദില്‍ബന്... ദില്‍ബന്‍ ഉറക്കത്തിലായിരുന്നെന്ന് തോന്നുന്നു. അവന്‍ എന്താണ്ടൊക്കെ പിച്ചും പേയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു (സംസാരിച്ചൂട്ടോ!). ദില്‍ബന്റെ ശബ്ദം കേട്ടാല്‍ പറയില്ല, അവന്‍ ഇത്ര ചെറിയ കുട്ടിയാണെന്ന്.

ഞായറാഴ്ച്ച പതിവ് പോലെ രാവിലെ തന്നെ നേരം വെളുത്തു. കൊടകരയില്‍ കോഴി കൂവി, ചെന്നൈയില്‍ കോളി കൂവിയാച്ച്, തിരുവനന്തപുരത്ത് ക്വാഴിയള് കൂവിയള്! ഷെഡ്യൂള്‍ കാള്‍ എത്തി. ഉച്ചക്ക് മൂന്ന് മണിക്ക് അണ്ണാനഗറിലെ ടവര്‍പാര്‍ക്കില്‍. ഓക്കെ... എല്ലാം അടിപൊളി. ഉച്ചക്ക് ഗീതാകഫെയിലെ ലിമിറ്റഡ് മീത്സ് കഴിച്ച് വിഷമത്തോടെ 41.35 രൂപ (40.00 + വാറ്റ്) കൊടുത്ത് പള്‍സറുമെടുത്ത് നേരെ അണ്ണാനഗര്‍! ടമാര്‍! മുന്‍‌ചക്രം ഫ്ലാറ്റ്. വേറെ വഴിയൊന്നുമില്ല... ഷെയര്‍ ആട്ടോ. 13 രൂപ കൊടുത്ത് ജി.എന്‍ ചെട്ടി രോഡ്-വള്ളുവര്‍ കോട്ടം-ലയോള-നെത്സണ്‍ മാണിക്ക്യം റോഡ്-അമിഞ്ജിക്കര(അമൈന്ത കരൈ)-റൌണ്ടാന കറങ്ങി അയ്യപ്പന്‍ കോവിലില്‍ ഇറങ്ങ് നടന്നു. പെര്‍ഫക്റ്റ് കോര്‍ഡിനേഷന്‍. പാര്‍ക്കില്‍ മൂന്ന് പേരൊഴികെ ബാക്കിയെല്ലാരും എത്തിയിരിക്കുന്നു. ഞാനും ബെന്നിച്ചനും ദില്‍ബനും.

ഞാന്‍ പാര്‍ക്കിന്റെ പിറകിലും ബാക്കി എല്ലാരും മുന്നിലും. ഒരു വിധം തപ്പിപ്പിടിച്ച് കൂട്ടത്തിലെത്തിപ്പെട്ടു. ആനക്കൂട്സ്, കാളിയന്‍സ്, വിവി, പിന്നെ ഒരു പുതുമുഖം (ബ്ലോഗില്ല) ശ്രീ ലൌ മൂണ്‍ (കട്: വീണ). തുമ്പന്‍ ചിക്കന്‍ വാങ്ങാന്‍ പോയ പോലെ അവിടെ സ്കേറ്റിങ് റിങ്ങില്‍ ഇരുന്നു. ഇതിനിടെ തന്നെ ദില്‍ബനെ വരവേല്‍ക്കാന്‍ ബലൂണ്‍സെറ്റ്, പീപ്പി, ഡും ഡും തുടങ്ങി തട്ട്‌പൊളിപ്പന്‍ ഐറ്റംസ് ഒക്കെ റെഡിയായി. ഭയങ്കര ഡീഹൈഡ്രേഷന്‍... ഇന്ന് റെക്കോര്‍ഡ് ചൂട്- 44! എല്ലാരും പോയി ഓരോ കരിക്ക് വീതം കുടിച്ചു. അതില്‍ പ്രേമേട്ടന് കിട്ടിയത് തേങ്ങാ, എനിക്ക് കിട്ടിയത് കൊച്ചിങ്ങാ! പിന്നെ ബൂലോകമല്ലേ? കമന്റുകളൊക്കെ വരണമല്ലൊ... അത് കൊണ്ട് തേങ്ങയടി കണ്ട്രാക്ക് മ്മ്‌ള സുല്ലണ്ണനും പിന്നെ വിശിഷ്ടാതിഥി ദില്‍ബനും ഡെഡിക്കേറ്റ് ചെയ്ത് പൊന്നമ്പലം ഒരെണ്ണം എക്സ്ട്രാ കുടിച്ചു. പിന്നെ തോന്നി, ഇനി ദില്‍ബന്‍ എവിടാന്ന് കണ്ട് പിടിക്കാന്‍ ഒരു കാക്കാലത്തിയോട് ചോദിച്ചാലോ എന്ന്. കണ്ടുപിടിച്ചു, ഒരു കാക്കാലത്തിയെ. അവര് പറഞ്ഞു “ദില്‍ബയ്യാ‍ എങ്കേന്ന് തെരിയല തമ്പീ” എന്ന്. ശരി എന്തായാലും വന്നുപെട്ടു ഇനി ഭാവിഭൂതാതി കൊണാണ്ടര്‍ എന്താണെന്ന് നോക്കാം. ആദ്യം ലോനപ്പനെ കയറ്റി വിട്ടു. അവര്‍ പറഞ്ഞതെല്ലാം കിറു കൃത്യം, കറകറക്റ്റ്. കൂടെ നിക്കുന്ന ഒരുത്തനേം നമ്പണ്ടാ, നല്ലത് വിചാരിച്ച് വല്ലതും ചെയ്താല്‍ ഏണിയാവും... നോട്ട് ദ പോയിന്റ്- രണ്ട് ഭാര്യാ യോഗം കാണുന്നു! കടല്‍ കടക്കും (ഇല്ലെങ്കീ ഞങ്ങള് കടത്തും) എന്നൊക്കെ അവര് പറഞ്ഞു. അങ്ങനെ കൈ നോട്ടവും, പച്ചി ശാസ്ത്രവുമൊക്കെയായി ഒരൊന്നൊന്നര മണിക്കൂര്‍ മാറിക്കിട്ടി, ഒപ്പം ഒരു 75 രൂപയും. (ഇങ്ങോരുടെ ഈ ഊശാന്താടിയും ഒരു ഒണക്ക സൂസും സാസ്സും ഒക്കെ കണ്ടപ്പ തന്നെ തള്ളക്ക് ഇയാള് സോഫ്റ്റ്വേറുകാരനാണെന്ന് മനസ്സിലായിക്കാണും അതല്ലെ കടല്‍ കടക്കുന്നതിനെ പറ്റി പറഞ്ഞ് ഒന്ന് സുഖിപ്പിച്ച് വിട്ടത്..!! ലോനപ്പന്‍ മറ്റേ സ്വഭാവം കാണിച്ചു... 75 രൂപാ കൊടുക്കേണ്ടതിന് പകരും 60 രൂപാ കൊടുത്തു. അവര്‍ രണ്ട് നരിച്ചില് പിള്ളാരെ വിളിച്ചു. ഒന്നു 6 വയസ് മറ്റേതിന് ഒരു 10 വയസ്സ് അതില്‍ കൂടുതല്‍ കാണില്ല. രണ്ടും കൂടെ ലോനപ്പനെ വടി കൊണ്ട് തല്ലി ഒരു സൈഡാക്കി. പിന്നെ കാക്കാലത്തിക്ക് 80-ഉം, പിള്ളാര്‍ക്ക് 20-ഉം കൊടുത്ത് സോള്‍വാക്കി. ഇപ്പൊ ആ പിള്ളാര്‍ ലോനപ്പന്റെ ബോഡിഗാര്‍ഡ്സ് ആണ്. ഇന്ന് അപ്പോയിന്‍‌മെന്റ് കിട്ടി(പച്ചാള്‍സ്, ബീ കെയര്‍ഫുള്‍).


പിന്നെ നേരെ വിട്ടു ടവറിലേക്ക്...പണ്ട് ഒരാളെ അവിടെ വച്ച് ദാസനും വിജയനും കൂടി തട്ടിയിട്ടുണ്ട്. അതെ മി. പവനായി. അങ്ങനെ ഞങ്ങളെല്ലാം കൂടി പവനായി ശവമായ സ്ഥലത്തേക്ക് പോയി.


ടവറിന്റെ താഴെ എത്തിയപ്പൊ ഒരു കാര്യം മനസ്സിലായി. ലോനപ്പന് പൊക്കം പേടിയാണ്. ഹൈറ്റോഫോബിയ ഹൈറ്റോഫോബിയ!! എങ്കിലും ഞങ്ങള്‍ ഒരു രൂപാ ടിക്കറ്റ് എടുത്ത് മുകളിലേക്ക് കയറാന്‍ തുടങ്ങി. പോകുന്ന വഴിക്ക് പല പല ഗ്രാഫിറ്റികളും കണ്ടു. നമ്മടെ നാട്ടാരുടെ ഒരു കാര്യേ. മുകളിലേക്ക് കയറും തോറും ഒരു കാര്യം എല്ലാരും ശ്രദ്ധിച്ചു. ലോനക്ക് ഒരു എര്‍ത്തിങ് ഇല്ലാതെ നില്‍ക്കാന്‍ പറ്റില്ല. കയ്യും ക്ആലുമൊക്കെ വിറക്കുന്നു.


ഏറ്റവും മുകളില്‍ എത്തിയാല്‍ ചെന്നൈ സിറ്റിയുടെ ഒട്ടു മുക്കാല്‍ ഭാഗവും കാണാം. ഞങ്ങള്‍ അവിടെ നിന്ന് ദില്‍ബനെ തിരഞ്ഞു. ഒരു റ്റെലിസ്കോപ്പിന്റെ കുറവുണ്ടായിരുന്നു. അത് ഞങ്ങള്‍ കാമറയുടെ 3ക്ഷ് ഒപ്റ്റിക്കല്‍ സൂം വച്ച് അഡ്ജസ്റ്റ് ചെയ്തു. അങ്ങനെ കാത്ത് കാത്തിരുന്നെന്റെ കാലു കിഴച്ചല്ലൊ... സംസാരം കേള്‍ക്കാനെന്റെ മനസ്സു കൊതിച്ചല്ലോ എന്ന മാപ്പിള പാട്ടും പാടി നിക്കുമ്പോഴുണ്ട് ലോനയുടെ ഒരു കണ്ടുപിടുത്തം. വാനര രാജന്‍ ബാലിക്കും ഹൈറ്റോഫോബിയ ആയിരുന്നൂത്രേ അതുകൊണ്ടാണ് ഗന്ധമാദന പര്‍വ്വതത്തില്‍ കയറി സുഗ്രീവനോട് യുദ്ധം ചെയ്യാത്തതെന്ന്. പിന്നെ തര്‍ക്കം. സുഗ്രീവന്‍ കയറിയത് ഗന്ധമാദനത്തിലാണോ ഋഷിമൂകാചലത്തിലാണോ എന്ന്. ബെറ്റ് ഒരു കുപ്പി.. ഫാന്റാ. പിന്നെ എക്സ്പേര്‍ട്ട് റഫറന്‍സിനായി പൊന്നമ്പലത്തിന്റെ മാതാശ്രീയെ ഫോണില്‍ വിളിച്ച് ചോദിച്ച് ബെറ്റ് കണ്‍ഫേം ചെയ്തു. പൊന്നമ്പലം ജയിച്ചു. അങ്ങനെ നേരെ താഴേക്ക്. ഇതിനിടെ താഴോട്ടിറങ്ങാന്‍ ബങ്കി ജമ്പിങ്, റപ്പല്ലിങ് തുടങ്ങി അതി നവീന രീതികളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. നടന്നിറങ്ങാന്‍ മടി. അത് പറഞ്ഞാ മതിയല്ലൊ.


അങ്ങനെ താഴെയെത്തി. അപ്പൊഴുണ്ടെ വെറുതെയിരുന്ന് ബോറടിച്ച പീപ്പീ ഡും ഡും ടീം പാട്ട് വായിച്ച് തുടങ്ങി. പിന്നെ അവരുടെ ഒക്കെ ഫോട്ടോ എടുത്ത് ഞങ്ങള്‍ പതുക്കെ പാര്‍ക്കിന് വെളിയിലെത്തി ഒരു ബോട്ടില്‍ സ്പ്രൈറ്റ് പൊട്ടിച്ച് ഉണ്ണാക്കിലൊഴിച്ച്, കാര്‍ബണേറ്റഡ് ഡ്രിങ്കും വര്‍ത്തമാന കാല ജീവിതവും എന്ന വിഷയത്തില്‍ ഒരു സിമ്പോസിയവും നടത്തി. അടുത്തത് ശ്രീ ധര്‍മ്മ ശാസ്താ ദര്‍ശനം. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചു. ജങ്ഷനിലെത്തി ഒരു ഷെയര്‍ ആട്ടോ പിടിച്ചു അഞ്ച് പേരും കേറി.


കാളിയന് ഡീലക്സ് സീറ്റ് കിട്ടി. ആട്ടോ ഓടി. പെട്ടെന്നൊരു സംശയം...

ലോകത്തില്‍ തന്നെ ആദ്യമായാണ്‌ ഇത്ര പൊക്കത്തില്‍ വച്ച് ഒരു ബൂലോക സംഗമം നടത്തുന്നത്. ആദ്യമായാണ് വിശിഷ്ടാതിഥിക്ക് ബലൂണുകള്‍ കൊണ്ട് സ്വീകരണമൊരുക്കുന്നത്. ആദ്യമായാണ് ബാന്‍ഡ് മേളത്തോടെ വരവേല്‍ക്കുന്നത്...

“ഈ ദില്‍ബനിതെവിടെ പോയി!”

Sunday, March 25, 2007

ഒടുവില്‍ അത് സംഭവിച്ചു

പണ്ട് നമ്പൂരി പറഞ്ഞ മാതിരി- എല്ലാം ശ്ശഠ പഠേ ശ്ശഠ പഠേന്നായിരുന്നു...

ഇന്നലെ (24, മാര്‍ച്ച് 2007 ശനി) രാത്രി പതിനൊന്നര മണി ആയപ്പോള്‍ എനിക്കും ശ്രീമാന്‍ ആനക്കൂടനും ഒരു വെളിപാടുണ്ടായി. ചെന്നൈയില്‍ ഇതു വരെ ഒരു ബ്ലോഗേഴ്സ് മീറ്റ് നടന്നില്ലല്ലോ എന്ന്. അങ്ങനെ കൂമന്‍ കൂവുന്ന നേരത്ത് ഠപ്പേ എന്ന് ഉദിച്ച ഒരു ഐഡിയ, മേല്‍പ്പറഞ്ഞ പോലെ വളരെ പെട്ടെന്ന് പ്രാവര്‍ത്തികമാകാന്‍ വലിയ പ്രയാസമൊന്നും ഉണ്ടായില്ല.

ചെന്നൈയിലെ എല്ലാ ബ്ലോഗ-ബ്ലോഗിനിമാരുടെയും കോണ്ടാക്റ്റ് ഇല്ലാതെ പോയതിനാല്‍ എല്ലാരേം വിളിക്കാന്‍ പറ്റിയില്ല. അതിനു നേരത്തെകൂട്ടി മാപ്പ് അപേക്ഷിച്ചുകൊള്ളട്ടെ. അടുത്ത മീറ്റില്‍ എല്ലാര്‍ക്കും മീറ്റാം....!

ഒത്തുകൂടിയത് മ്മ്‌ടെ കോടമ്പാക്കം ഹൈറോഡിലുള്ള ‘കുമരകം റെസ്റ്ററന്റില്‍’. ഞാന്‍ പതിവു പോലെ തന്നെ തീറ്റ തന്നെ മെയിന്‍ ആയുധമാക്കി മുന്നേറി. അതിനു ശേഷം ഇമ്മിണി ‘വീരഭദ്ര‘ സേവയ്ക്കായി ചേട്ടന്മാരെ അനുഗമിച്ചു.

കൂട്ടായ്മ എന്നും ഉത്സവം തന്നെ...

എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചില നിമിഷങ്ങള്‍ ചുവടെ:


ശ്രീ ആനക്കൂടന്‍


ലോനപ്പന്‍, ആനക്കൂടന്‍ പിന്നെ കാളിയന്‍


ഊണ് മേശ... എല്ലാരും തിരക്കിലാ...


തമിഴ് നാടിന്റെ സ്വന്തം ടാസ്മാക്ക്!


യെസ്, ഇറ്റ് ഈസ് റമനോവ്



മിനിറ്റ്സ് ഓഫ് മീറ്റിങ്!


ചെന്നൈയിലെ ബൂലോകത്തിന്റെ ഒരു ഭാഗം.

Sunday, December 17, 2006

ചെന്നൈ ബൂലോഗ സംഗമം

എല്ലാവര്‍ക്കും നമസ്കാരം.

ഒരു പ്രധാന അറിയിപ്പ്...

ചെന്നൈയിലെ ബ്ലോഗര്‍മാര്‍ക്കായി ഒരു സംഘം തുടങ്ങിയ വിവരം മുന്‍പേ തന്നെ എല്ലാവരും അറിഞ്ഞുകാണുമല്ലൊ. ബൂലോഗത്തിലെ കൂട്ടായ്മയുടെ മറ്റൊരു അദ്ധ്യായം ആകട്ടെ ചെന്നൈ ബൂലോഗം! അതിനാല്‍ തന്നെ ചെന്നൈയില്‍ ജീവിക്കുന്ന പ്രിയ ബൂലോഗ സുഹൃത്തുക്കള്‍ ‘ചെന്നൈ മക്കള്‍‘ എന്ന ഈ ബ്ലോഗില്‍ അംഗങ്ങളാകാന്‍ താല്പര്യപ്പെടുന്നു.


വലിയ കാലതാമസം ഇല്ലാതെ തന്നെ, ചെന്നൈയില്‍ വച്ച് ഒരു ബൂലോഗ സംഗമം നടത്തുക എന്ന ഒരു ഉദ്ദേശ്ശ്യം കൂടി ഈ ഉദ്യമത്തിനുള്ള വിവരം നിങ്ങളേവരേയും അറിയിച്ചുകൊള്ളട്ടെ.


ഈ ബ്ലോഗില്‍ അംഗമാകാന്‍, naadaroopi@yahoo.co.in എന്ന ഈ-തപാല്‍ മേല്‍‌വിലാസത്തില്‍ ഒരു കത്തയക്കുക. കത്തില്‍, താങ്കളുടെ പേരു കൂടി രേഖപ്പെടുത്തുന്നത് ഉത്തമം.


--
ചെന്നൈയില്‍ നിന്നും,

നിങ്ങളുടെ സ്വന്തം പൊന്നമ്പലം

Tuesday, December 05, 2006

ഇത് ചെന്നൈയിലെ ഗണപതിക്ക്

ഓം
ഗണാനാം ത്വാ ഗണപതിഗും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത ആന:
ശൃണ്വന്നോ ദിപി സീഥ സാധനം
ഓം മഹാഗണപതയേ നമ:
ഇത് “ചെന്നൈ മക്കള്‍” ബ്ലോഗ്. ചെന്നൈയുമായി ബന്ധമുള്ള ബൂലോഗര്‍ക്കായി, ‘ചെന്നൈ നിനൈവുകള്‍’ പങ്കു വയ്ക്കാന്‍ ഒരിടം. ഇതില്‍ ബ്ലോഗാന്‍ ചെന്നൈയില്‍ താമസിക്കണം, ചെന്നൈയില്‍ ജോലി ചെയ്യണം എന്നൊന്നും ഇല്ല... ചെന്നൈയെ കുറിച്ച് ഒരു അറിവ് പകരാന്‍ സാധിക്കുന്ന ആര്‍ക്കും അംഗമാകാം.
നിങ്ങളുടെ പ്രതികരണം കാത്ത്,
പൊന്നമ്പലം