Sunday, April 06, 2008

വിവിയുടെ ദാസ് ക്യാപിറ്റല്‍

വിവി എന്ന ചെന്നൈബൂലോഗത്തിന്റെ സ്വന്തം വി‌എം ദേവദാസിന്റെ കഥയുമായാണ് കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇറങ്ങിയത്. ആഴത്തിലുള്ള ചിന്തയും തെളിഞ്ഞ ഭാഷയും വിവിയുടെ കഥകളുടെ പ്രത്യേകതയാണ്. ചില വിശേഷണങ്ങളും വാക്യഘടനയും നമ്മെ തീര്‍ത്തും അല്‍ഭുതപ്പെടുത്തും.

ദാസ് ക്യാപ്പിറ്റല്‍ എന്ന കഥ മൂന്ന് ഭാഗങ്ങളിലൂടെയാണ് പറയുന്നത്. ഒന്നാമത്തേതില്‍ ഒട്ടകക്കൂനുള്ള പുസ്തക വില്‍പ്പനക്കാരനും രണ്ടാം ഭാഗത്തില്‍ അവശനായി വീഴുന്ന അയാളുടെ പുസ്തക സഞ്ചിയില്‍ നിന്നും തെറിച്ചു വീഴുന്ന മൂലധനത്തിന്റെ പുറം ചട്ടയില്‍ നിന്നും ഇറങ്ങിവരുന്ന കാള്‍ മാര്‍ക്സും മൂന്നാം ഭാഗത്തില്‍, കാണാതായ ദാസനും നമ്മുടെ ചിന്തകളിലേക്ക് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കടന്നുവരുന്നു.

പ്രിയ ദേവന് ആശംസകള്‍...

കഥയില്‍ നിന്ന്...

(1) ഒട്ടകക്കൂനുള്ള പുസ്തകവില്‍പ്പനക്കാരന്‍
ഉച്ചയൂണിനു ശേഷം മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ്‌റൂമിലിരുന്നുള്ള പതിവ് മയക്കത്തില്‍ തികട്ടിവരുന്നോരേമ്പക്കത്തെ ഒരു വയറ്റാട്ടിയുടെ ചാരുതയാല്‍ ഉഴിഞ്ഞ് മുകളിലോട്ട് വിടുമ്പോള്‍ എനിക്ക് തോന്നി.

കുടവയര്‍ ഒരു ബാധ്യതയാണ്. കടന്നാക്രമിക്കുന്ന ഉറക്കത്തെ ചെറുക്കാനായി മെന്തോളിന്റെ എരിവു കലര്‍ന്ന അമൃതാഞ്ജന്‍, മുടിയില്ലാത്തതിനാല്‍ നെറ്റിയേത് തലയോടേതെന്നൊരു വേര്‍തിരിവ് വേണ്ടാത്ത പ്രദേശത്ത് അമര്‍ത്തിപ്പുരട്ടുമ്പോഴും അസ്വസ്ഥമാം വിധം സ്പന്ദിക്കുന്ന എന്റെ കുടവയറിനെ കുറിച്ചാണ് ചിന്തിച്ചത്.
“രാജന്‍മാഷെ, വയര്‍ വല്ലാതെ കൂടുന്നല്ലോ!”എന്ന് കുശലം ചോദിക്കുന്നവരോട് നീണ്ട മൂക്ക്, കഷണ്ടി, കുടവയര്‍, മുതുകത്ത് രോമം, വെടിക്കല എന്നിവ പുരുഷ ലക്ഷണങ്ങള്‍ ആണെന്ന് ആവര്‍ത്തിച്ചു തര്‍ക്കിച്ച് പറയുമ്പോഴും കുടവയറിന് കൂടെനില്‍ക്കുന്നവരുടെ സ്ഥായിയായ ഉറപ്പ് സംസാരത്തില്‍ പോലും ഈയിടെ കിട്ടുന്നില്ല. കൂട്ടത്തില്‍ പുറം‌പറ്റിയതായി അതങ്ങനെ മാറിനില്‍ക്കുന്നതിന്റെ കെറുവാകണം പലപ്പോഴായി പലരും ചോദിക്കാറുള്ള ചോദ്യത്തിന്“എട്ടുമാസമായി, അട്ത്തന്നെ ഉണ്ടാവും. ആണ്‍കുട്ട്യാവണേ ദേവ്യേ...” എന്ന് ചിരിച്ച് മറുപടി നല്‍കാറുള്ളതിന് പകരം ക്യാന്റീനിലെ ഉച്ചയൂണു വിളമ്പുകാരനോട് ആണ്‍കുട്ട്യല്ല; ആനക്കുട്ട്യാണ്. തുമ്പിക്കൈ മാത്രം ഇറങ്ങി പുറത്തുവന്നിട്ടുണ്ട്. എന്താ കാണണോ?” എന്ന് അശ്ലീലം കലര്‍ത്തിപ്പറഞ്ഞ് നാവടപ്പിച്ചത്. മധ്യവേനലിന്റെ തീവ്രത തീര്‍ത്ത വിയര്‍പ്പുതുള്ളികള്‍ നെറ്റിയില്‍ ഉരുണ്ടുകൂടി അമൃതാഞ്ജന്റെ മഞ്ഞകലര്‍ന്ന് കണ്ണ് നനയിച്ചു. ഉറക്കം മുറിച്ച് മിഴിച്ചുതുറന്ന ആ കാഴ്ചയിലാണ് ഉയരം കൂടി എന്നാല്‍ അല്പം കൂനോടെ ആ അപരിചിതനെ സ്വപ്ന ടീച്ചറോടും ആന്‍ഡ്രൂസ് മാഷിനോടും സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയില്‍ കണ്ടത്. തന്റെ കറുത്ത ബാഗില്‍ നിന്ന് പുസ്തകങ്ങള്‍ ഓരോന്നായെടുത്ത് ചെറുവിവരണത്താലും കൈക്കുഴകൊണ്ടൊരു ചുരികത്തിരിപ്പിനാല്‍ മുന്നും പിന്നും കാണിച്ചും വിവരിച്ച് അവര്‍ക്ക് മുന്നില്‍ വെക്കുമ്പോള്‍ തിളങ്ങുന്ന ചട്ടയുള്ള പുസ്തകങ്ങളില്‍ തട്ടി തന്റെ മുഖത്ത് പ്രതിഫലിച്ച സൂര്യപ്രകാശത്തിന്റെ പുളിപ്പിലാണോ മറിച്ച് മഞ്ഞയും മെന്തോളും കലര്‍ന്ന അമൃതാഞ്ജന്‍ വിയര്‍പ്പിന്റെ എരിവിലാണോ ഉണര്‍ന്നതെന്ന് കുഴങ്ങിയിരിക്കുകയായിരുന്നു ഞാന്‍. ഉറക്കപ്പിച്ചില്‍ അവര്‍ക്കിടയിലൊരു നാലാമനായി പെട്ടെന്ന് ഇടിച്ചു കയറുന്നതിന്റെ ജാള്യതയൊഴിവാക്കാനായി അവരുടെ സംഭാഷണത്തില്‍ തനിക്കുകൂടെ കയറിച്ചെന്ന് പങ്കെടുക്കാവുന്ന ഒരു സ്പേസ് പരതിക്കൊണ്ട് കാത്തിരുന്നു.

സ്റ്റഡിമെറ്റീരിയലുകളായ പുസ്തകങ്ങളെയൊക്കെ അവഗണിച്ചതിന് ശേഷം
“വേറെ വല്ലതുമുണ്ടോ?” എന്ന ആന്‍ഡ്രൂസ് മാഷുടെ ചോദ്യത്തോടെയാണ് അയാള്‍ ശാസ്ത്രേതര പുസ്തകള്‍ പുറത്തെടുക്കാന്‍ തുടങ്ങിയത്. എം‌ടിയുടെ നോവലുകളും പത്മനാഭന്റെ കഥകളും ...............................................................................

1 comment:

SunilKumar Elamkulam Muthukurussi said...

ഒരു കൊളാഷ് കഥ, അല്ലേ?

വായിച്ചപ്പോള്‍ തോന്നിയത് എഴുതാന്‍ അറിയില്ല എന്നത് എന്റെ മാത്രം പ്രശ്നം.

-സു-